നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപെട്ടത് ഒരു ജീവൻ; റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന മധ്യവയസ്കനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി തൃശ്ശൂർ റൂറൽ പോലീസ്

Share Now

നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപെട്ടത് ഒരു ജീവൻ; റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന മധ്യവയസ്കനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി തൃശ്ശൂർ റൂറൽ പോലീസ്

ആളൂർ:
മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ പകച്ചുനിന്ന 58-കാരന് ആളൂർ പോലീസ് രക്ഷകരായി. വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്ത് റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കായി തലവെച്ച് കിടന്ന ഉറുമ്പൻകുന്ന് സ്വദേശിയായ മധ്യവയസ്കനെയാണ് തൃശ്ശൂർ റൂറൽ പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ഇന്ന് (23.01.2026) പുലർച്ചെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എറണാകുളത്തേക്ക് പോകുന്ന റെയിൽവേ ട്രാക്കിൽ, ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാൽവരിക്കുന്ന് പള്ളിക്ക് സമീപം ഒരാൾ ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ഉടൻ തന്നെ ആളൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സന്ദേശം ലഭിച്ച ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളൂർ പോലീസ് സ്റ്റേഷൻ ജി.എസ്.ഐ ജെയ്‌സൺ, സി.പി.ഒ ഹരികൃഷ്ണൻ, ഹോം ഗാർഡ് ജോയ് എന്നിവർ നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തി. പോലീസ് എത്തുമ്പോൾ മധ്യവയസ്കൻ റെയിൽവേ ട്രാക്കിൽ തലവെച്ച് കിടക്കുകയായിരുന്നുവെന്നും ഏത് നിമിഷവും ട്രെയിൻ എത്താൻ സാധ്യതയുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.

സമയം ഒട്ടും കളയാതെ ഉദ്യോഗസ്ഥർ ട്രാക്കിലേക്ക് ഓടിക്കയറി അപകടം അവഗണിച്ചുകൊണ്ട് ഇദ്ദേഹത്തെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയൊരു ദുരന്തം ഒഴിവായത്. പോലീസിന്റെ ധൈര്യവും വേഗതയും ഇല്ലായിരുന്നുവെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നു എന്ന നിലയിലായിരുന്നു സാഹചര്യം.

ട്രാക്കിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ മധ്യവയസ്കനെ പോലീസ് ആശ്വസിപ്പിക്കുകയും ഉടൻ തന്നെ ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!