കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളംയിൽ നിന്ന് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. മേത്തല പറമ്പിശ്ശേരി വീട്ടിൽ ഫെയ്‌മ്യൂസ് (35) എന്നയാളെയാണ് പിടികൂടിയത്.
കേസിൽ പ്രതി വിദേശത്തേക്ക് കടന്നതിനെ തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ദുബായിൽ നിന്ന് വിമാനമിറങ്ങിയതോടെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രതിയെ തടഞ്ഞുവച്ച് പോലീസിനെ വിവരമറിയിക്കുകയും, തുടർന്ന് പ്രത്യേക അന്വേഷണസംഘം എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിയെ പിന്നീട് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2025 മുതൽ തൃശ്ശൂർ റൂറൽ പോലീസ് “ഓപ്പറേഷൻ സുദർശന” എന്ന പേരിൽ പ്രത്യേക നടപടികൾ തുടരുകയാണ്. കൊലപാതകം, കവർച്ച, പോക്സോ, ലൈംഗിക പീഡനം, വധശ്രമം, സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കേസുകൾ തുടങ്ങി ഗൗരവമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വിദേശത്തേക്ക് കടന്നവരെയും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെയും കണ്ടെത്തുകയാണ് ഓപ്പറേഷന്റെ ലക്ഷ്യം.
കേസിലെ അന്വേഷണ സംഘത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സാലിം കെ, ജി.എ.എസ് രാജീവ്, സിവിൽ പോലീസ് ഓഫീസർമാരായ ധനീഷ്, ഗിൽബർട്ട്, ശ്യാം എന്നിവർ ഉൾപ്പെട്ടിരുന്നു.
