വാടാനപ്പള്ളി: പൊതുജനങ്ങൾക്ക് നേരെ പിസ്റ്റൾ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ ഇരട്ടക്കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജുഗൽ തേജ് ഉൾപ്പെടെ മൂന്ന് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കി.
2026 ഫെബ്രുവരി 15-ന് വൈകിട്ട് 6.05ഓടെ സി.എസ്.എം സ്കൂൾ–പുളിയം തുരുത്ത് റോഡിൽ പുതിയ എൻ.എച്ച് 66 ഓവർബ്രിഡ്ജ് സമീപത്താണ് സംഭവം. രണ്ട് മോട്ടോർസൈക്കിളുകളിലായി എത്തിയ പ്രതികൾ റെയ്സ് നടത്തുകയും അനധികൃതമായി കൈവശം വച്ചിരുന്ന പിസ്റ്റൾ പൊതുജനങ്ങൾക്ക് നേരെ ചൂണ്ടി ഭീതിയുണ്ടാക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
അറസ്റ്റിലായവർ തൃത്തല്ലൂർ വെസ്റ്റ് സ്വദേശി മേപ്പറമ്പിൽ വീട്ടിൽ ജുഗൽ തേജ് (19), പുളിയം തുരുത്ത് സ്വദേശികളായ മണക്കാട്ടുപടി വീട്ടിൽ സാലി (20), പുളിയം തുരുത്ത് വീട്ടിൽ അതുൽ കൃഷ്ണ (22) എന്നിവരാണ്.
കാപ്പ സഞ്ചാരനിയന്ത്രണ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ജുഗൽ തേജിനെതിരെ കാപ്പ നിയമപ്രകാരമുള്ള മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവ് പ്രകാരം ഫെബ്രുവരി 13-ന് ഇയാളെ തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നതായിരുന്നു.
ജുഗൽ തേജ് മൂർക്കനാട് ഇരട്ടക്കൊലപാതക കേസ്, ഒരു പോക്സോ കേസ്, ഒരു കവർച്ച കേസ്, രണ്ട് വധശ്രമ കേസുകൾ ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷൈജു എൻ.ബി, എസ്.ഐമാരായ മുഹമ്മദ് റാഫി, ഷാഫി, എ.എസ്.ഐ കാജ ഹുസൈൻ, ജി.എസ്.സി.പി.ഒമാരായ ലാൽകുമാർ, ശ്രീജിത്ത്, സുരേഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
