കൊടുങ്ങല്ലൂരിൽ എ.ഐ.ടി.യു.സി തഴപ്പായ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം
കൊടുങ്ങല്ലൂർ: എ.ഐ.ടി.യു.സി തൃശ്ശൂർ ജില്ലാ തഴപ്പായ നെയ്ത്ത് തൊഴിലാളി യൂണിയന്റെ ജില്ലാ സമ്മേളനം കൊടുങ്ങല്ലൂരിലെ പണിക്കേഴ്സ് ഹാളിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പരമ്പരാഗത വ്യവസായങ്ങളെ വൈവിദ്ധ്യവൽക്കരണത്തിലൂടെയും വിപുലീകരണത്തിലൂടെയും ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിലൂടെ കേരളത്തിലെ അടിസ്ഥാന തൊഴിൽ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയത്തെ ജനങ്ങളിലെത്തിക്കാൻ മേഖല ജാഥകൾ വലിയ വിജയമായിരുന്നുവെന്നും, മറിച്ചുള്ള മാധ്യമ വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി. എലിസബത്ത് വരവുചിലവ് കണക്ക് അവതരിപ്പിച്ചു.
വി.ആർ. സുനിൽ കുമാർ എം.എൽ.എ, ടി.കെ. സുധീഷ്, കെ.എസ്. ജയ, സി.സി.വി. പിൻചന്ദ്രൻ, ടി.പി. രഘുനാഥ്, പി.പി. സുഭാഷ്, ഹണി പീതാംബരൻ, എ.എസ്. സുരേഷ് ബാബു, പി.കെ. റഫീക്ക്, വി.എൻ. ഉണ്ണികൃഷ്ണൻ, പി. ബിഷൈല, ഗോപി നെല്ലക്കത്ത് എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യ സുരക്ഷ പെൻഷൻ പദ്ധതിയിൽ നിന്നും പിൻമാറുന്ന കേന്ദ്ര സർക്കാർ നടപടികളിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. പരമ്പരാഗതവും കുടിൽ വ്യവസായങ്ങളും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭാരവാഹികൾ:
പ്രസിഡന്റ് – ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ
സെക്രട്ടറി – കെ.ജി. ശിവാനന്ദൻ
ട്രഷറർ – പി. ബിഷൈല
