വലപ്പാട്: മീൻപിടിക്കാനെന്ന വ്യാജേന കഞ്ചാവ് വിൽപ്പന നടത്തി വന്ന നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടിൽ വിഷ്ണു (37)യെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 6 കിലോ 830 ഗ്രാം മുന്തിയ ഇനം “ഗ്രീൻസ്” കഞ്ചാവും നിരവധി മാരകായുധങ്ങളും പിടിച്ചെടുത്തു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാളുടെ വീടിന്റെ ടെറസിൽ ഒളിപ്പിച്ച നിലയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിനൊപ്പം വ്യത്യസ്ത ആകൃതികളിലുള്ള അഞ്ച് വടിവാളുകൾ, പ്രത്യേക തരം കത്തി, എയർഗൺ, കഞ്ചാവ് തൂക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ്സ്, സിപ് ലോക്ക് കവറുകൾ, കഞ്ചാവ് ചുരുട്ടി വലിക്കാൻ ഉപയോഗിക്കുന്ന ഒ.സി.ബി പേപ്പർ എന്നിവയും പിടിച്ചെടുത്തു.
പിടിക്കപ്പെടാതിരിക്കാൻ നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും വലയുമായി മീൻപിടിക്കാൻ പോകുന്ന രീതിയായിരുന്നു പ്രതിയുടേത്. മീൻപിടുത്തക്കാരൻ എന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ചാണ് ആവശ്യക്കാർക്ക് കഞ്ചാവ് കൈമാറിയിരുന്നത്.
വിഷ്ണു മലപ്പുറം, ഇടുക്കി ജില്ലകളിൽ കഞ്ചാവുമായി ബന്ധപ്പെട്ട കേസുകളിൽ മുമ്പും അറസ്റ്റിലായിട്ടുള്ളവനാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഡാൻസാഫ് എസ്.ഐ പ്രദീപ് സി.ആർ, ജി.എ.എസ്.ഐ ലിജു ഇയ്യാനി, ജി.എസ്.സി.പി.ഒ ബിജു, സി.പി.ഒ സുർജിത്ത് സാഗർ, വലപ്പാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ, കയ്പമംഗലം എസ്.എച്ച്.ഒ ബിജിത്ത്, ജി.എ.എസ്.ഐ ചഞ്ചൽ, ജി.എസ്.സി.പി.ഒ സിയാദ്, സി.പി.ഒമാരായ സൈനുദ്ദീൻ, വിപിൻദാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
