ചേർപ്പ്: പാറക്കോവിലിൽ വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്ക് (40) കൊല്ലപ്പെട്ട കേസിൽ ഭാര്യ രേഷ്മ ബീവിയും കാമുകൻ ബീരുമാണ് കുറ്റക്കാരെന്ന് തൃശ്ശൂർ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി കണ്ടെത്തിയത്. ജഡ്ജി കമനീസ് കെ. വിധി പ്രസ്താവിച്ചു. ശിക്ഷ മാർച്ച് 13ന് പ്രഖ്യാപിക്കും.
2021 ഡിസംബർ 13ന് പുലർച്ചെ 1 മണിയോടെ മൻസൂർ മാലിക്കിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം വീട്ടുപറമ്പിൽ കുഴിച്ചുമൂടിയെന്നാണ് കേസ്. തുടർന്ന് ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി രേഷ്മ ബീവി ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തുവന്നത്.
കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ ഒന്നാം പ്രതി പശ്ചിമ ബംഗാൾ ഹൂഗ്ലി സ്വദേശി ബീരു (33)യെ തൃശ്ശൂർ റൂറൽ പൊലീസ് വെസ്റ്റ് ബംഗാളിൽ നിന്ന് പിടികൂടി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 120-B (ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കൽ) വകുപ്പുകൾ പ്രകാരമാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്.
അന്നത്തെ ചേർപ്പ് എസ്.എച്ച്.ഒ ഷിബു ടി.വി.യുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ ദിലീപ്, ജി.എ.എസ്.ഐ സരസപ്പൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കേസിൽ പ്രോസിക്യൂഷൻ 27 സാക്ഷികളെ വിസ്തരിക്കുകയും 64 രേഖകളും 35 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ബി. സുനിൽകുമാർ, അഡ്വ. ലിജി മധു എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫീസർ അജീഷ് നടപടികൾ ഏകോപിപ്പിച്ചു.
