കൊടുങ്ങല്ലൂർ: പുല്ലൂറ്റിലെ കെ.കെ.ടി.എം കോളേജ് ഗ്രൗണ്ടിൽ നിർമിച്ച ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ധർണ്ണ സംഘടിപ്പിച്ചു.
പത്ത് വർഷം മുമ്പ് ടി.എൻ പ്രതാപൻ എം.എൽ.എയായിരുന്ന കാലത്ത് ഇൻഡോർ സ്റ്റേഡിയത്തിന്റെ ഏകദേശം 80 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നുവെന്നും, എന്നാൽ ഉദ്ഘാടന ചടങ്ങിലേക്ക് അദ്ദേഹത്തിന് ക്ഷണം നൽകാതിരുന്നതിൽ പ്രതിഷേധിച്ചുമാണ് ധർണ്ണ സംഘടിപ്പിച്ചതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
കെ.കെ.ടി.എം കോളേജ് കവാടത്തിൽ നടന്ന ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് യൂസഫ് പടിയത്ത്, പി.വി. രമണൻ, കവിത മധു, ഇ.എസ്. സഗീർ, ഇ.എസ്. സിറാജ്, പി.എൻ. മോഹനൻ, കെ.എസ്. കമറുദ്ദീൻ, സി.എസ്. തിലകൻ, ടി.കെ. ലാലു, സേവ്യർ പങ്കേത്ത്, പോളി വിതയത്തിൽ, മുൻഷിർ, സി.ആർ. പമ്പ, എൻ.കെ. ഇസ്മയിൽ, എം.ബി. മുരളി, എം.എ. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.
