കരുതൽ കൂട്ടായ്മയുടെ നാലാം വാർഷികം
കരുതൽ കൂട്ടായ്മയുടെ സൗജന്യ ഭക്ഷണ വിതരണം നാല് വർഷങ്ങൾ പിന്നിടുമ്പോൾ ആഘോഷങ്ങളേക്കാൾ സേവനത്തിന് മുൻഗണന നൽകി ആഡംബരങ്ങളൊന്നുമില്ലാതെ പതിവുപോലെ പണിമുടക്ക് ദിനമായ ഇന്നും സൗജന്യ ഭക്ഷണ വിതരണം നടത്തി പ്രവർത്തകർ മാതൃകയായി.
കഴിഞ്ഞ നാല് വർഷമായി ഒരു ദിവസം പോലും മുടക്കമില്ലാതെ തുടരുന്ന ഈ ഭക്ഷണ വിതരണ പദ്ധതി നിരവധി പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് ഇന്നും വിജയകരമായി മുന്നോട്ട് പോകുന്നത്. വാർഷിക ദിനമായ ഇന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശക്കുന്നവർക്കായി ഭക്ഷണമെത്തിച്ചും, എത്തപ്പെട്ടവർക്ക് നേരിലും വിതരണം ചെയ്യുകയുമുണ്ടായി.
വാർഷിക ദിനത്തിൽ നടന്ന ലളിതമായ ചടങ്ങിൽ കരുതൽ കൂട്ടായ്മ പ്രതിനിധികളായ വിക്രംജി തിരുവള്ളൂർ C.N. സതീഷ്കുമാർ, ഷാജി വടക്കൻ, സുധീർ മംഗലത്ത്, ഷാനവാസ് കൊടുങ്ങല്ലൂർ, റാഫി തുടങ്ങിയവർ സംസാരിച്ചു. കരുതലോടെ കൂടെ നിൽക്കുന്ന സുമനസ്സുകളുടെ സഹകരണമാണ് ഈ പദ്ധതിയുടെ കരുത്തെന്നും വരും നാളുകളിലും കൂടുതൽ വിപുലമായി സേവന പ്രവർത്തനങ്ങൾ തുടരുമെന്നും അറിയിച്ചു.
