കേരളോത്സവം 2026: സമാപന സമ്മേളനം ബഹിഷ്കരിക്കാൻ ബിജെപി

Share Now

കേരളോത്സവം 2026: സമാപന സമ്മേളനം ബഹിഷ്കരിക്കാൻ ബിജെപി

സംഘാടനത്തിലെ ഗുരുതര വീഴ്ചകൾ; പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിമർശനം

എടവിലങ്ങ്: കേരളോത്സവം 2026-ന്റെ സംഘാടനത്തിലും കലാ-കായിക മത്സരങ്ങളുടെ നടത്തിപ്പിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതിൽ പ്രതിഷേധിച്ച് എടവിലങ്ങ് പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം ബഹിഷ്കരിക്കാൻ ബിജെപി തീരുമാനിച്ചു.

കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചതു മുതൽ പ്രതിപക്ഷ അംഗങ്ങളുടെ നിർദ്ദേശങ്ങൾ അവഗണിച്ചുവെന്നും വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനം വെറും പ്രഹസനമായി മാറിയെന്നും ബിജെപി ആരോപിച്ചു. പഞ്ചായത്ത് മേളയുടെ ഭാഗമായി സംഘടിപ്പിച്ച കലാ-കായിക മത്സരങ്ങളുടെ നടത്തിപ്പിലും നിരവധി പിഴവുകൾ സംഭവിച്ചതായി യോഗം വിലയിരുത്തി.

പത്തോളം കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരാൾ പോലും എത്താത്ത സാഹചര്യം മേളയുടെ സംഘാടനത്തിലെ ഗുരുതരമായ പോരായ്മയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. മത്സരാർത്ഥികൾക്ക് നേരത്തെ അറിയിച്ച സമയക്രമത്തിലും മാറ്റങ്ങൾ വരുത്തിയത് പങ്കെടുത്തവരെ ബുദ്ധിമുട്ടിലാക്കിയതായും വിമർശനമുയർന്നു.

എല്ലാ വിഭാഗം ജനങ്ങളെയും, പ്രത്യേകിച്ച് യുവാക്കളെയും പങ്കെടുപ്പിച്ച് നടത്തേണ്ട പഞ്ചായത്ത് മേള, ഇടതുപക്ഷ ഭരണസമിതിയുടെ മോശം സംഘാടനത്തെത്തുടർന്ന് നിരാശാജനകമായ അനുഭവമായി മാറിയെന്ന് ബിജെപി ആരോപിച്ചു. മേളയുടെ നടത്തിപ്പിലെ വീഴ്ചകൾ പഞ്ചായത്തിലെ യുവാക്കളിൽ നിരാശയുണ്ടാക്കിയതായും യോഗം വിലയിരുത്തി.

ബിജെപി എടവിലങ്ങ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് എം.എ. ഹരിദാസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മറ്റ് ബിജെപി അംഗങ്ങളും പങ്കെടുത്തു.

വരും വർഷങ്ങളിലെ കേരളോത്സവം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് പ്രതിപക്ഷ അംഗങ്ങളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിക്കണമെന്നും കലാ-കായിക മത്സരങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിൽ നിന്നുമുള്ള യുവാക്കൾക്ക് പങ്കാളിത്തം ഉറപ്പാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഇടതുപക്ഷ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ബിജെപി ആവിശ്യപ്പെട്ടു.


Share Now
error: Content is protected !!