കൊടുങ്ങല്ലൂർ: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശവുമായി എം ഇ എസ് അസ്മാബി കോളേജിൽ ‘പിടിവിടുന്ന കൗമാരങ്ങൾ’ എന്ന വിഷയത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം. എം. അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
റിട്ട. എക്സൈസ് ഇൻസ്പെക്ടർ കെ. എം. അബ്ദുൽ ജമാൽ വിവിധതരം ലഹരി ഉത്പന്നങ്ങൾ, അവയുടെ ഉപയോഗരീതികൾ, അതുമൂലം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ-സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികളുമായി വിശദമായി സംവദിച്ചു. ലഹരി ഉപയോഗം വ്യക്തിജീവിതത്തെയും കുടുംബബന്ധങ്ങളെയും സാമൂഹിക അന്തരീക്ഷത്തെയും ദോഷകരമായി ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കൾ ജാഗ്രതയും സാമൂഹിക ഉത്തരവാദിത്വവും പുലർത്തണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
കോളേജ് സെക്രട്ടറിയും കറസ്പോണ്ടന്റുമായ വി. എം. ഷൈൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബി. എം. ബിന്ദിൽ, ഷാഹിം ഷാഹുൽ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ ഡോ. സമീന കളത്തൊടി സ്വാഗതം ആശംസിച്ചു. ഡോ. ബഷീർ പി. ടി നന്ദി രേഖപ്പെടുത്തി.
