കൊടുങ്ങല്ലൂർ: സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പള്ളിനട സ്വദേശി മുഹമ്മദാലി (52) തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായി. എസ്.എൻ. പുരം വില്ലേജിലെ പാമ്പിനേഴത്ത് വീട്ടിൽ മുഹമ്മദാലിയെയാണ് ചൊവ്വാഴ്ച രാവിലെ എറിയാടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ലഹരി വസ്തുക്കൾ കുട്ടികൾക്കും യുവാക്കൾക്കും വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. കേസിൽ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷൻ 77 ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്.ഐ വിവേക് വി.യുടെ നേതൃത്വത്തിൽ സി.പി.ഒമാരായ അമൽദേവ്, ഷമീർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്
