വയോധികയെ ആക്രമിച്ച് സ്വർണ്ണവളകൾ കവർച്ച ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ
വാടാനപ്പിള്ളി : വയോധികയെ ആക്രമിച്ച് സ്വർണ്ണവളകളും മറ്റ് ആഭരണങ്ങളും കവർച്ച ചെയ്ത കേസിൽ പ്രതിയെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി പട്ടിലങ്ങാടി സ്വദേശി മേലെപുത്തൻവീട്ടിൽ ഷാജി (49) ആണ് അറസ്റ്റിലായത്. തൃശ്ശൂർ ഈസ്റ്റ് പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്നും മോഷണം മുതൽ വിറ്റതിലൂടെ ലഭിച്ച 170500/- (ഒരു ലക്ഷത്തി എഴുപതിനായിരത്തി അഞ്ഞൂറ്) രൂപയും കണ്ടെടുത്തു. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.തളിക്കുളം തമ്പാൻകടവ് വലിയകത്ത് വീട്ടിൽ ശങ്കരന്റെ ഭാര്യ മാധവി (78) ആണ് കവർച്ചയ്ക്കിരയായത്. മുൻപ് മരം മുറിക്കുന്നതിനായി പരാതിക്കാരിയുടെ വീട്ടിലെത്തിയ പരിചയം മുതലെടുത്താണ് പ്രതി കവർച്ച നടത്തിയത്. 2026 ഒക്ടോബർ 19-ന് രാവിലെ 10.30-ഓടെ വീണ്ടും വീട്ടിലെത്തിയ പ്രതി, മരം മുറിക്കുന്നതിനിടെ പൈപ്പ് പൊട്ടിയിട്ടുണ്ടെന്നും അത് ശരിയാക്കാനാണ് വന്നതെന്നും പറഞ്ഞ് പരാതിക്കാരിയോട് വീടിന്റെ പടിഞ്ഞാറുഭാഗത്തെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വാതിൽ തുറന്നതോടെ വീടിനുള്ളിൽ കടന്ന പ്രതി വയോധികയുടെ കഴുത്തിൽ പിടിച്ച് ഞെരുക്കുകയും നെഞ്ചിൽ ഇടിച്ച് പരിക്കേൽപ്പിച്ച് അവശയാക്കുകയും ചെയ്തു. തുടർന്ന് ഇടതുകൈയിലെ രണ്ട് സ്വർണ്ണവളകളും വലതുകൈയിലെ നാല് റോൾഡ് ഗോൾഡ് വളകളും രണ്ട് കമ്മലുകളും ഒരു മോതിരവും ഊരിയെടുത്ത് കവർച്ച നടത്തുകയായിരുന്നു. ഷാജി വാടാനപ്പിള്ളി, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിലും, ഒരു മോഷണക്കേസിലും പ്രതിയാണ്. കൊടുങ്ങല്ലൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രതീഷ് കുമാർ ആർ, വലപ്പാട് ഇൻസ്പെക്ടർ പത്മരാജൻ, എസ് ഐ ഉമേഷ്, വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അവിനാഷ്കുമാർ, ജി എസ് ഐ അസീസ് എം കെ, എ എസ് ഐ മിഥുൻ കൃഷ്ണ, സീനിയർ സി പി ഓ നിബിൻ, തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സി പി ഓ സൂരജ്, ശരത്, സി പി ഓ അവിനാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
