നായ്ക്കളുടെ കൂട്ട ആക്രമണത്തിൽ റെയിൽവേ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.

Share Now

തെരുവ് നായ ഭീതിയിൽ കൊടുങ്ങല്ലൂർ പുല്ലൂറ്റ് 10-ാം വാർഡ്: യുവാവിന് നട്ടെല്ലിന് ഗുരുതര പരിക്ക്.
കൊടുങ്ങല്ലൂർ.

കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പുല്ലൂറ്റ് 10-ാം വാർഡിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. നായ്ക്കളുടെ കൂട്ട ആക്രമണത്തിൽ റെയിൽവേ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ രാവിലെ പുതിയ പോസ്റ്റ്‌ ഓഫീസിന് പടിഞ്ഞാറു വശത്തുള്ള വീട്ടിൽ നിന്നും പുറത്തിറങ്ങിയ സോമൻ (വർഷ) ന്റെ മകളുടെ ഭർത്താവ് അഭിജിത് (30) നെ ഏകദേശം പത്തോളം വരുന്ന നായ്ക്കളുടെ കൂട്ടം ആക്രമിച്ചു. നായ്ക്കളെ ഓടിക്കുന്നതിനിടെ വീണ അഭിജിത്തിന്റെ നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തിന് ഒന്നരമാസത്തെ ബെഡ് റസ്റ്റ്‌ ആണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. സേലം ഡിവിഷനിലെ റെയിൽവേ സ്റ്റേഷൻ മാസ്റ്ററാണ് അഭിജിത്.
ഇതേ വാർഡിലും പരിസരത്തും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് നായ്ക്കൾ കടിയേറ്റിട്ടുണ്ട്. ഭീതിയിലായ നാട്ടുകാർ മുനിസിപ്പാലിറ്റിക്ക് പലതവണ പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കുട്ടികൾ സ്കൂളിൽ പോകുന്നതിനും, മുതിർന്നവർ ജോലിക്ക് പോകുന്നതിനും പോലും ഭയപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ. കൂട്ടം കൂടി നിൽക്കുന്ന നായ്ക്കൾ വഴിയാത്രക്കാരെ ആക്രമിക്കുകയാണ് പതിവ്.
തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണവും വാക്സിനേഷനും അടിയന്തരമായി നടത്തണമെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും വാർഡ് നിവാസികൾ ആവശ്യപ്പെട്ടു.
പരാതി കൊടുത്തിട്ട് മാസങ്ങളായി. ഇപ്പോൾ ഒരാളുടെ ജീവൻ തന്നെ അപകടത്തിലായി. ഇനിയും മുനിസിപ്പാലിറ്റി കണ്ണടച്ചിരിക്കുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
മുനിസിപ്പാലിറ്റി അധികൃതർ അടിയന്തര ഇടപെടൽ നടത്തുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!