ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിൽ
ഇരിങ്ങാലക്കുട: ഹോൺ അടിച്ചതിനെ തുടർന്നുണ്ടായ വഴിത്തർക്കം ക്രൂരമായ ആക്രമണത്തിൽ കലാശിച്ചു. മാപ്രാണം കുഴിക്കാട്ടുക്കോണം സ്വദേശി കെങ്കയിൽ വീട്ടിൽ അമൽ (29) എന്ന യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഇരിങ്ങാലക്കുട സോൾവെന്റ് റോഡ് കനാൽബേയ്സ് സ്വദേശി പരിയാടത്ത് വീട്ടിൽ സുനിലൻ (36) അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ജനുവരി 25-ന് രാത്രി 10 മണിയോടെ അമലും സുഹൃത്തുക്കളായ ശബരിദാസും ആദിത്യനും സ്കൂട്ടറിൽ നമ്പ്യാൻ കാവ് മാപ്രാണം റോഡിലൂടെ പോകുമ്പോൾ ഹോൺ അടിച്ചിട്ടും പ്രതികൾ റോഡിൽ നിന്നും മാറാതെ നടക്കുന്നത് കണ്ട് നടക്കാൻ പറഞ്ഞപ്പോൾ പ്രതികൾ അസഭ്യം പറഞ്ഞത് അമൽ ചേദ്യം ചെയ്തതലിലുള്ള വൈരാഗ്യത്താൽ പ്രതിയായ സുനിലൻ അമലിന്റെറ മുഖത്ത് കൈകൊണ്ട് അടിക്കുകയും താഴെ വീണ അമലിനെ ഷർട്ടിൽ പിടിച്ച് വലിച്ച് റോഡരികിലുള്ള പറമ്പിലേയ്ക്ക് കൊണ്ടു പോയി അവിടെ കിടന്നിരുന്ന കരിങ്കല്ല് കഷ്ണമെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി സുനിലൻ മുമ്പും വ്യാജമദ്യ നിർമാണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജി എം കെ, എസ് ഐ മാരായ അഭിലാഷ്, സൗമ്യ ഇ യു, ജി എസ് ഐ സതീശൻ എം എൻ, ജി എസ് സി പി ഒ മാരായ ഗിരീഷ്, രഞ്ജിത്ത് എം ആർ, സുജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത് *ആൽബ ടൈംസ്*
