മാള: കിടപ്പിലായ വയോധികയുടെ ദേഹത്ത് അണിഞ്ഞിരുന്ന ഏകദേശം 22 ഗ്രാം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഹോം നഴ്സായ എറണാകുളം മരട് നെട്ടൂർ സൗത്ത് സ്വദേശിനി അനുഷ (29), പത്തനംതിട്ട മലയാലപ്പുഴ മൈലപ്പാറ സ്വദേശി പ്രിൻസ് (34) എന്നിവരെ മാള പോലീസ് ഗോവയിൽ നിന്ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
മാള പൊയ്യയിലെ അമ്പൂക്കൻ വീട്ടിൽ എബ്രഹാമിന്റെ (80) ഭാര്യയെ പരിചരിക്കാൻ നിയമിച്ചിരുന്ന ഹോം നഴ്സായ അനുഷ, ജൂലൈ 23-ന് ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ പരാതിക്കാരൻ ഉറങ്ങിക്കിടന്ന സമയത്ത് വയോധികയുടെ ദേഹത്ത് അണിഞ്ഞിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഗോവയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടി. മുൻകൂട്ടി ഗൂഢാലോചന നടത്തിയ ശേഷമാണ് മോഷണം നടത്തിയതെന്നും, രക്ഷപ്പെടാൻ ഉപയോഗിച്ച ടാക്സി പ്രിൻസ് ഒരുക്കിയതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. അങ്കമാലിയിലെ ഒരു ജ്വല്ലറിയിൽ വിറ്റ മോഷണമുതലായ സ്വർണ്ണാഭരണങ്ങളും പോലീസ് വീണ്ടെടുത്തു.
പ്രിൻസിനെതിരെ ആലപ്പുഴ, ഇടുക്കി ജില്ലകളിലായി രണ്ട് ലൈംഗികാതിക്രമ കേസുകൾ, മൂന്ന് തട്ടിപ്പ് കേസുകൾ, സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്ത ഒരു കേസ് ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
എസ്.ഐമാരായ വിശാഖ് കെ. വിശ്വൻ, ഫൈസൽ കോറോത്ത്, അനിൽകുമാർ ഒ.പി., സിനി ടി.എസ്., എ.എസ്.ഐ ഷാലി, സി.പി.ഒമാരായ സിജോയ്, ഹരികൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
