കൈപമംഗലം: കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എടതിരുത്തി മധുരമ്പിള്ളി സ്വദേശി കറുകതല വീട്ടിൽ നൗഷാദ് (45) ആണ് പിടിയിലായത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാട്ടൂരിലെ അശോക ബാറിൽ നിന്നാണ് നൗഷാദിനെ പിടികൂടിയത്.
ജനുവരി 22-ന് ഉച്ചയ്ക്ക് ചെന്ത്രാപ്പിന്നി അലുവത്തെരുവിനടുത്ത് ചമക്കാല സ്വദേശി താനത്തുപറമ്പിൽ ഷാബിന്റെ കാറിൽ പ്രതികളിലൊരാളുടെ കാർ റിവേഴ്സ് എടുക്കുന്നതിനിടെ തട്ടിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. ഷാബിനെ അസഭ്യം പറയുകയും ഇഷ്ടികയും ഇടിവളയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
വേഷം മാറി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന നൗഷാദ്, കാട്ടൂരിലെ അശോക ബാറിൽ എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് അതിസാഹസികമായാണ് പിടിയിലായത്.
ഈ കേസിലെ മറ്റ് പ്രതികളായ സ്റ്റേഷൻ റൗഡി ചെന്ത്രാപ്പിന്നി സ്വദേശി റിജിൽ (38), മധുരമ്പിള്ളി സ്വദേശി ആബിദ് (34), പൈനൂർ സ്വദേശി ഷാരോൺ (33) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നൗഷാദ് മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കൈപമംഗലം, കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ വീടുകയറി ആക്രമണം, അടിപിടി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നും പോലീസ് അറിയിച്ചു.
കാട്ടൂർ പോലീസ് സ്റ്റേഷൻ ജി.എസ്.ഐ ബാബു ജോർജ്ജ്, കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ്.ഐ ഋഷിപ്രസാദ്, ജി.എസ്.ഐ ജെയ്സൺ, ജി.എ.എസ്.ഐ വിപിൻ, ജി.എസ്.സി.പി.ഒ ജ്യോതിഷ്, സി.പി.ഒ വിപിൻ ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റിലേക്ക് അയക്കും.
