അന്തർജില്ലാ മോഷ്ടാവ് ‘കോഴി പൗലോസ്’ തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിൽ

Share Now

മാള: തൃശ്ശൂർ, എറണാകുളം ജില്ലകളിലെ നൂറോളം ആരാധനാലയ മോഷണക്കേസുകളിലെ പ്രതിയായ നെടുമ്പാശ്ശേരി മേക്കാട് സ്വദേശി ‘കോഴി പൗലോസ്’ (68) തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായി. മഴക്കാല മോഷണങ്ങൾ തടയാൻ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം മാള, കാട്ടൂർ മേഖലകളിലെ ക്ഷേത്ര-പള്ളി ഭണ്ഡാര മോഷണങ്ങളെ തുടർന്നുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കൊടുങ്ങല്ലൂർ, മാള, കാട്ടൂർ, പുത്തൻവേലിക്കര, വെള്ളിക്കുളങ്ങര, വടക്കേക്കര, കൊടകര, ചാലക്കുടി, അങ്കമാലി തുടങ്ങി 20-ലധികം സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഏകദേശം 100 കേസുകളുണ്ട്.

രാത്രിയിൽ ദീർഘദൂര ബസുകളിൽ യാത്രചെയ്ത് ലക്ഷ്യസ്ഥാനത്തെത്തി, അർദ്ധരാത്രിയിൽ ആരാധനാലയങ്ങളുടെ പൂട്ടുപൊളിച്ച് ഭണ്ഡാരങ്ങൾ കവർന്നതാണ് ഇയാളുടെ പതിവ്. അങ്കമാലി പോലീസിന്റെ സഹായത്തോടെ ഞായറാഴ്ച വൈകിട്ട് വട്ടപറമ്പിൽ നിന്നാണ് അറസ്റ്റ്.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം. സന്തോഷ് കുമാർ, മാള ഇൻസ്പെക്ടർ രാജേഷ് ആർ, ജി.എസ്.ഐമാരായ ഒ.പി. അനിൽകുമാർ, പി. ജയകൃഷ്ണൻ, എ.എസ്.ഐ. ഇ.എസ്. ജീവൻ, സി.പി.ഒമാരായ കെ.ജെ. ഷിന്റോ, കൃഷ്ണദാസ്, വഹദ്, നിനൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!