ഓപ്പറേഷൻ തൂഫാൻ
നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ച കേസ്സിൽ വധശ്രമക്കേസിലെ പ്രതി അറസ്റ്റിൽ; പ്രതി റിമാന്റിൽ
കയ്പമംഗലം : സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചു വെച്ച് വിൽപ്പന നടത്തിവന്ന വധശ്രമക്കേസ് പ്രതിയെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം വഞ്ചിപ്പുര സ്വദേശി കൈതവളപ്പിൽ പദ്മരാജ് (45) എന്നയാളാണ് പോലീസിന്റെ പിടിയിലായത്.2026 ജൂൺ 22 തിങ്കളാഴ്ച വൈകീട്ട് 05.00 മണിയോടെ കയ്പമംഗലം സുജിത് ജംഗ്ഷനിൽ പ്രതി നടത്തിവരുന്ന 'കെ.കെ ബനാനാ സ്റ്റോഴ്സ്' (KK BANANA STORES) എന്ന പലചരക്ക്, പച്ചക്കറി സൂപ്പർ മാർക്കറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിലാണ് കടയ്ക്കുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 47 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പ്രതികൾക്കെതിരെ COTPA Act ന് (The Cigarettes and Other Tobacco Products Act) പുറമെ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പും (Sec. 77 of Juvenile Justice Act) ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പദ്മരാജ് ഈ കേസ്സിന് പുറമെ കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിലായ കേസ്സിലും പ്രതിയാണ്. കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജിത്ത്, എസ് ഐ ജ്വോഷർ, ജി എ എസ് ഐ മാരായ രാജേഷ്, ജോബി പോൾ, സി പി ഒ ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
