പുതുക്കാട്: തൃക്കൂർ വില്ലേജിലെ നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നിൽ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ യുവതിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മറ്റത്തൂർ വില്ലേജ് മറ്റത്തൂർകുന്ന് നെടുംമ്പാക്കാരൻ വീട്ടിൽ ജിസ്മി തെരേസ് ജോഷി (30) യെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേസിൽ മുൻകൂർ ജാമ്യം തേടി ജിസ്മി കേരള ഹൈക്കോടതിയിലും തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയിലും അപേക്ഷ നൽകിയിരുന്നുവെങ്കിലും, യഥാക്രമം 2026 മേയ് 29-നും ജൂൺ 22-നും ജാമ്യാപേക്ഷകൾ കോടതി തള്ളിയിരുന്നു. തുടർന്ന് ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ജൂൺ 23-ന് ജിസ്മി സ്വമേധയാ പുതുക്കാട് പോലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി. ഇതിന് പിന്നാലെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിൾ (36)നെ പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സംഭവം നടന്ന് 24 മണിക്കൂറിനകം തന്നെ പിടികൂടിയിരുന്നു.
2026 മേയ് 8-ന് വൈകിട്ട് 7.30ഓടെ തൃക്കൂർ നെല്ലിച്ചോട്ടിലെ ജിമ്മിന് മുന്നിലായിരുന്നു ആക്രമണം. വർക്കൗട്ട് കഴിഞ്ഞ് പുറത്തിറങ്ങിയ മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസിനെ (37) ഒളിച്ചിരുന്ന സിറിൾ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡീനസ് ചികിത്സയിലായിരുന്നു.
അന്വേഷണത്തിൽ, പരിക്കേറ്റ ഡീനസിന്റെ ഭാര്യയായ ജിസ്മിയും ഒന്നാം പ്രതിയായ സിറിളും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പോലീസ് കണ്ടെത്തി. ഒരുമിച്ച് ജീവിക്കുന്നതിനായി ഇരുവരും ചേർന്ന് ഡീനസിനെ വധിക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
