കൊടുങ്ങല്ലൂർ: തിരുവള്ളൂർ ശിവക്ഷേത്രത്തിൽ നിന്ന് ഓട്ടുവിളക്കുകൾ, ചെമ്പ് കുടങ്ങൾ ഉൾപ്പെടെ ഏകദേശം രണ്ട് ലക്ഷം രൂപ വിലവരുന്ന പൂജാസാധനങ്ങൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് മധുര തിരുമംഗലം ഹംസപുരം സ്വദേശി സെൽവകുമാർ (41) നെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 20 രാത്രി 7.30 മുതൽ ജൂലൈ 21 രാവിലെ 5.30 വരെയുള്ള സമയത്താണ് മോഷണം നടന്നത്. ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവിലിന് മുന്നിലെയും ഓട്ടുവിളക്കുകൾ, താമ്പാളങ്ങൾ, ചെമ്പ് കുടങ്ങൾ, മറ്റ് പൂജാസാധനങ്ങൾ എന്നിവ മോഷ്ടിക്കുകയായിരുന്നു.
ക്ഷേത്ര പ്രസിഡന്റ് ഉദയഭാനു നൽകിയ പരാതിയിൽ കേസെടുത്ത പോലീസ്, മോഷണത്തിന് തലേദിവസം ക്ഷേത്രത്തിലെത്തിയ സംശയാസ്പദ വ്യക്തിയെക്കുറിച്ചുള്ള സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
വറവ് സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലിക്കാരനായ പ്രതി മോഷണവസ്തുക്കൾ ചാക്കിലാക്കി വീട്ടിലെത്തി, പിന്നീട് ഇരുചക്ര വാഹനത്തിൽ കടത്തിക്കൊണ്ടുപോയതായി അന്വേഷണത്തിൽ കണ്ടെത്തി. മാളയിലെ ഒരു ആക്രിക്കടയിൽ നിന്ന് മോഷണവസ്തുക്കൾ പോലീസ് കണ്ടെടുത്തു.
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി പ്രമോദിന്റെ നേതൃത്വത്തിൽ എസ്.ഐ അതുൽ മോഹൻ, ജി.എസ്.സി.പി.ഒ മിഥുൻ കൃഷ്ണ, ഷമീർ, അനുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
