സ്കൂളിലെ സ്റ്റോർറൂമിൽ നിന്ന് 250 കിലോ അരിയും പാചക പാത്രങ്ങളും മോഷ്ടിച്ച് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം മുടക്കിയ കേസിൽ ഡൽഹി സ്വദേശിയായ പ്രതി അറസ്റ്റിൽ

Share Now

VVUP സ്കൂളിലെ സ്റ്റോർറൂമിൽ നിന്ന് 250 കിലോ അരിയും പാചക പാത്രങ്ങളും മോഷ്ടിച്ച് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം മുടക്കിയ കേസിൽ ഡൽഹി സ്വദേശിയായ പ്രതി കൂടി അറസ്റ്റിൽ

മതിലകം: സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി സ്റ്റോർ റൂമിന്റെയും അടുക്കളയുടെയും പൂട്ട് പൊളിച്ച് കറിക്കത്തി മുതൽ അരി വരെ കവർന്ന കേസിൽ ഡൽഹി സ്വദേശിയായ ഒരു പ്രതിയെ കൂടി മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ഭവാൻ ജെ.ജെ. കോളനി സ്വദേശിയായ കമറുൾ (26) എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ കോതപറമ്പ് വി.വി.യു.പി (VVUP) സ്കൂളിലാണ് മോഷണം നടന്നത്. സ്കൂൾ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള 5 ചാക്ക് അരിയും, ഉച്ചഭക്ഷണ പാചകത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതികൾ മോഷ്ടിച്ച് കടത്തിക്കൊണ്ട് പോയത്.

ഈ കേസിൽ ഒന്നാം പ്രതിയായ, കുടുംബത്തോടൊപ്പം പി.വെമ്പല്ലൂർ ഭാഗത്ത് താമസിച്ച് ആക്രി സാധനങ്ങൾ പെറുക്കി ജീവിച്ചു വരികയായിരുന്ന അസം ഗായ് ജില്ല സ്വദേശി താജുദ്ദീൻ (38) എന്നയാളെ ജൂലൈ 19-ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ താമസസ്ഥലത്തു നിന്നും മോഷ്ടിക്കപ്പെട്ടവയിൽ ഉൾപ്പെട്ട 99.700 കിലോഗ്രാം അരി കണ്ടെടുത്തിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.

തുടർന്ന് 23-07-2026 തീയതി താജുദ്ദീനെ കോടതിയിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയതിൽ മോഷണ മുതലുകൾ കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടാം പ്രതിയായ ഇക്രമുൾ ഇസ്ലാം (20) എന്നയാളെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
മതിലകം പോലീസ് സ്റ്റേഷൻ എസ്.ഐ. നസിയ എം. ഷാഹിബ്, എസ്.ഐ. സജീവ്, എസ്.ഐ. രാജി, എ.എസ്.ഐ. പ്രജീഷ്, എസ്.സി.പി.ഒ. സനീഷ്, സി.പി.ഒ.മാരായ സബീഷ്, ബിനിൽ, മിഥുൻ, മുഹമ്മദ് സൻസിൽ, സ്റ്റീഫൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!