കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് രണ്ട് മരണം; 18 പേർക്ക് പരുക്ക്

Share Now

അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കാറുകളിലും ബൈക്കിലും അടക്കം നാലു വാഹനങ്ങളിൽ ഇടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു. കുന്നംകുളം പോർക്കുളം സ്വദേശി റിയ ഫാത്തിമ (17), കുന്നംപറമ്പ് അയ്യംപറമ്പ് സ്വദേശിനി തങ്കമണി (72) എന്നിവരാണ് മരിച്ചത്.കുന്നംകുളത്തിനും പാറേമ്പാടത്തിനും മധ്യേ പെട്രോൾ പമ്പിന് തൊട്ടടുത്തായി ഉച്ചയ്ക്ക് 2.20 നായിരുന്നു അപകടം. എതിരെ വന്ന കാറിൽ തട്ടി നിയന്ത്രണം നഷ്‌ടപ്പെട്ട ബസ്, മറ്റു മൂന്നു വാഹനങ്ങളിൽ കൂടി ഇടിച്ച ശേഷം വീടിൻ്റെ മതിലും ഗേറ്റും തകർത്താണ് നിന്നത്.കാർ യാത്രക്കാരിയായ റിയ ഫാത്തിമ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബൈക്ക് യാത്രികരായ തങ്കമണിയും മകളുടെ ഭർത്താവായ കാണിപ്പയ്യൂർ സ്വദേശി ജോബിൻ ജോർജും സഞ്ചരിച്ച വാഹനത്തിലാണ് ബസ് പ്രധാനമായും ഇടിച്ചത്. ഗുരുതര പരുക്കേറ്റ ജോബിൻ ജോർജ് (42) തൃശൂർ അമല ആശുപ്രതിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജ്വല്ലറി മാനേജരാണ് ജോബിൻ. കാർ യാത്രക്കാരിയായ ചാലിശേരി സ്വദേശിനി നസീമയെ ഗുരുതര പരുക്കുകളോടെ കറുകുറ്റി അപ്പോളോ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാരുടെ മൊഴിയിൽ വ്യക്തമാണ്. ഈ റൂട്ടിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടവും സമയക്രമത്തിലെ വ്യത്യാസങ്ങളുമാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ആരോപിക്കുന്നു.അപകടം നടന്നയുടൻ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപ്രതിയിലെത്തിച്ചത്. വീടിന്റെ മുൻവശത്ത് ആ സമയത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവസ്‌ഥലത്ത് പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

അപകടത്തിന് കാരണക്കാരായ ബസുകൾക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്നും അമിതവേഗത നിയന്ത്രിക്കാൻ സ്‌പീഡ് ഗവേണർ അടക്കമുള്ളവ കർശനമായി പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!