മൂന്ന് കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടിയ കേസിൽ മുഖ്യ സൂത്രധാരനെ കളമശ്ശേരിയിൽ നിന്നും അറസ്റ്റ് ചെയ്തു

Share Now

ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ അശോക് ലെയ്‌ലാൻഡ് ലോറിയിൽ കടത്തുകയായിരുന്ന 11 ടണ്ണോളം തൂക്കമുള്ള മൂന്ന് കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടിയ കേസിൽ മുഖ്യ സൂത്രധാരനെ കളമശ്ശേരിയിൽ നിന്നും അറസ്റ്റ് ചെയ്തു

തൃശ്ശൂർ റേഞ്ച് ഡി ഐ ജി നാരായണൻ ടി IPS ന്റെ നിർദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം IPS ന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും കൊരട്ടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്

കൊരട്ടി : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊരട്ടി ദേശീയപാതയിൽ നടത്തിയ വാഹനപരിശോധനയിൽ മൂന്ന് കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടിയ കേസിൽ മുഖ്യ സൂത്രധാരനായ മലപ്പുറം പാണക്കാട് ഹാജിയാർ പള്ളി സ്വദേശി പള്ളിക്കൽ വീട്ടിൽ മുഹമ്മദ് ഫറാസ് (27) എന്നയാളെ കളമശ്ശേരിയിൽ നിന്നുമാണ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

23-10-2026 തിയ്യതി രാവിലെ 11.30 മണിയോടെ കൊരട്ടി ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ സവാള കയറ്റിയ ലോറിയിൽ അതിനടിയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 3,77,250 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 750 പാക്കറ്റുകൾ വീതം അടങ്ങിയ 503 ചാക്കുകളിലായാണ് പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഏകദേശം 11 ടണ്ണോളം വരുന്ന പുകയില ഉൽപ്പന്നശേഖരവും കടത്താൻ ഉപയോഗിച്ച അശോക് ലെയ്‌ലാൻഡ് ലോറിയും കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 118 ചാക്ക് സവോള ചാക്കുകൾക്കടിയിൽ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉത്പന്നങ്ങൾ ലോറിയിൽ കടത്തിക്കൊണ്ട് വന്നത്. മധ്യകേരളത്തിലേക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നതെന്ന് കരുതുന്ന ഈ വൻശേഖരം, മധ്യകേരളത്തിൽ അടുത്തകാലത്ത് പിടികൂടിയ ഏറ്റവും വലിയ നിരോധിത പുകയില ഉൽപ്പന്ന ശേഖരങ്ങളിലൊന്നാണ്.തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി നാരായണൻ ടി. ഐ.പി.എസ്. നൽകിയ നിർദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്. ന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദേശീയപാതകളിലും അതിർത്തി പാതകളിലും പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈ.എസ്.പി. ജെ. കുര്യാക്കോസിന്റെയും നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എസ്. പ്രദീപിന്റെയും നേതൃത്വത്തിൽ കൊരട്ടി ദേശീയപാത കേന്ദ്രീകരിച്ച് നടത്തിയ വാഹനപരിശോധനയിലാണ് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി തടഞ്ഞുനിർത്തി പരിശോധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 23-10-2026 തിയ്യതിയിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി പാനാട്ടിൽ വീട്ടിൽ ടെൽസൺ ബാബു (36), ഇരിട്ടി ആറളം സ്വദേശി കയ്യാലക്കകത്ത് വീട്ടിൽ സൈബ് (33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യസൂത്രധാരനായ മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫറാസിനെ കളമശ്ശേരിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽനിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ലോറിയിൽ കയറ്റി എറണാകുളം ജില്ലയിലെ കാലടിയിലേക്ക് കടത്തിക്കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്. പുകയില ഉൽപ്പന്നങ്ങളുടെ ഉറവിടം, കടത്തുസംഘത്തിലെ മറ്റു കണ്ണികൾ, ഇവയുടെ സംഭരണവും വിതരണവും എന്നിവ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം തുടർന്ന് വരികയാണ്.

ഉത്തരേന്ത്യയിൽ നിർമിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് പലമടങ്ങ് വിലയ്ക്ക് വിൽപ്പന നടത്തുന്നതായാണ് വിവരം. പത്തുരൂപ നിരക്കിൽ വാങ്ങുന്ന പാക്കറ്റുകൾ കേരളത്തിലെത്തിച്ച് നൂറുരൂപയോ അതിൽ കൂടുതലോ വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ ചില്ലറ വിപണിമൂല്യം ഏകദേശം മൂന്ന് കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ രതീഷ് കെ സി, കൊരട്ടി സബ് ഇൻസ്‌പെക്ടർ വിഷ്ണു രാമചന്ദ്രൻ, ഡാൻസാഫ്–ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. സതീശൻ മടപ്പാട്ടിൽ, എ.എസ്.ഐമാരായ സിൽജോ വി.യു., എ.യു. റെജി, കൊരട്ടി പോലീസ് സ്റ്റേഷൻ ജി എസ്.ഐ. സി.എസ്. സുമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ് രാജൻ, മാർട്ടിൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പരിശോധന നടത്തി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.


Share Now
error: Content is protected !!