യുവാവിനെ തടങ്കലിലാക്കി കത്തി വെച്ച് ഭീഷണിപ്പെടുത്തി കവർച്ച: പ്രതി പിടിയിൽ

Share Now

കൊടുങ്ങല്ലൂർ: അഴീക്കോട് സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും, വധഭീഷണി മുഴക്കി 65,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 200 രൂപയും കവർച്ച ചെയ്ത കേസിലെ പ്രതിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തു.

പെരിഞ്ഞനം പള്ളിയമ്പലം സ്വദേശി തേരുപറമ്പിൽ വീട്ടിൽ പ്രിൻസ് (27) ആണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ 14-ന് രാത്രി കൊട്ടിക്കലിലെ വീട്ടിൽ വച്ചാണ് അഴീക്കോട് മരപ്പാലം സ്വദേശി അക്ഷയ് എന്ന യുവാവിനെ മൂന്ന് പേർ ചേർന്ന് തടങ്കലിലാക്കി മർദ്ദിക്കുകയും, കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് കവർച്ച നടത്തിയത്. യുവാവിനെ അർദ്ധരാത്രി വരെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചതായും പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മലപ്പുറത്ത് നിന്ന് പിടികൂടിയതായും, കേസിലെ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബികെ, എസ് ഐ മാരായ സാലിം കെ, മനു ചെറിയാൻ, ജി എ എസ് ഐ ഉമേഷ്, ജി എസ് സി പി ഒ ഗോപേഷ്, സി പി ഒ മാരായ ജിനീഷ്, വിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അറസ്റ്റ് നടത്തിയത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!