പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

Share Now

ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 49-കാരന് ജീവിതാവസാനം വരെ ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും കോടതി വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

വാടാനപ്പിള്ളി വില്ലേജ് വാടാനപ്പിള്ളി ബീച്ച് ദേശത്ത് ഇത്തിക്കാട്ട് വീട്ടിൽ വിനോദ് എന്നറിയപ്പെടുന്ന ഉണ്ണിമോൻ (49) ആണ് ശിക്ഷിക്കപ്പെട്ടത്. 2019-ൽ സ്കൂൾ വേക്കേഷൻ സമയത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പിഴ അടയ്ക്കാത്ത പക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രാജി ഒ. ജെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ഇൻസ്പെക്ടർ ബിജു കെ. ആർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് ഇൻസ്പെക്ടർ പി. ആർ. ബിജോയ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ അന്വേഷണത്തിൽ എ.എസ്.ഐ അരുണ്‍ കുമാർ കെ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചു.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകളും മുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ ജി.എസ്.സി.പി.ഒ സിന്ധു എം.ആർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!