യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് മൊബൈൽ കവർന്ന കേസിൽ ബോബ് അശ്വന്ത് പിടിയിൽ; പ്രതി റിമാന്റിൽ

Share Now

കൈപ്പമംഗലം: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഒളിവിലായിരുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ബോബ് അശ്വന്ത് (29) തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായി. വലപ്പാട് കോടൻ വളവിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

2025 ഡിസംബർ 7-ന് കൈപ്പമംഗലം ബോർഡിന് സമീപം സായി സർവീസ് സെന്ററിന് മുന്നിൽ നിന്ന ചാമക്കാല സ്വദേശി നിസാമുദ്ദീനെ (28) ഭീഷണിപ്പെടുത്തി ബൈക്കിൽ തട്ടിക്കൊണ്ടുപോയി വീട്ടിൽ തടവിൽ പാർപ്പിച്ച് മർദ്ദിച്ച ശേഷം 25,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കവർന്നതാണ് കേസ്. കേസിലെ മറ്റ് പ്രതികളായ ഫാസിൽ (30), സാബിത്ത് (34), ഹാരിസ് (30) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിന് ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെ എറണാകുളം, കണ്ണൂർ ജില്ലകളിലെ വിവിധ ഹോട്ടലുകളിൽ പാചകക്കാരനായി ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിൽ പോലീസ് പിടികൂടുകയായിരുന്നു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ മോഷണക്കേസിൽ പിടികിട്ടാപ്പുള്ളി വാറണ്ടുള്ള പ്രതിയായ അശ്വന്ത് വലപ്പാട്, തളിപ്പറമ്പ്, വടകര സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും അഞ്ച് മോഷണക്കേസിലും പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൈപ്പമംഗലം എസ്.എച്ച്.ഒ ബിജിത്ത്, എസ്.ഐ റിഷിപ്രസാദ്, ജി.എസ്.സി.പി.ഒ ഡെൻസ്മോൻ, സുനിൽകുമാർ, സി.പി.ഒമാരായ നിഷാന്ത്, സുർജിത്ത്, ജി.എ.എസ്.ഐ അബിലാഷ്, സി.പി.ഒ ശരത്ത്, സുജിത്ത്, വൈശാഖ് കൃഷ്ണ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!