കൊടുങ്ങല്ലൂർ: സംസ്ഥാനവ്യാപക മയക്കുമരുന്ന് വിരുദ്ധ സ്പെഷ്യൽ ഡ്രൈവ് “ഓപ്പറേഷൻ തൂഫാൻ; ദ നാർക്കോ ഹണ്ട്” ഭാഗമായി നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി സ്റ്റേഷൻ റൗഡിയും കാപ്പ കേസ് പ്രതിയുമായ അൻഷാദ് (32) കൂട്ടാളി ആഷിഖ് (33) എന്നിവരെ കൊടുങ്ങല്ലൂരിൽ നിന്ന് പോലീസ് പിടികൂടി.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. ന്റെ നേതൃത്വത്തിലുള്ള റൂറൽ ഡാൻസാഫ് (DANSAF) സംഘവും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ അൻഷാദിന്റെ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി പിടിയിലായത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്താനായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
വധശ്രമം, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തൽ, മോഷണം, അടിപിടി, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ആറു ക്രിമിനൽ കേസുകളിൽ പ്രതിയായ അൻഷാദിനെ നേരത്തെ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു. ആഷിഖും ഒരു വധശ്രമക്കേസിലെ പ്രതിയാണ്.
പിടിയിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
