ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഞ്ചാവ്, ഹാഷിഷ് ഓയിൽ, MDMA എന്നിവയുമായി അറസ്റ്റിലായ, പതിനേഴ് ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അക്ഷയ് അമ്പാടിയെ കാപ്പ ഉത്തരവ് പ്രകാരം ആറ് മാസക്കാലത്തേക്ക് ജയിലിലാക്കി.
കൊടുങ്ങല്ലൂർ : നിരവധി ക്രിമിനൽക്കേസിലെ കേസിലെ പ്രതിയും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ റൗഡിയുമായ പുല്ലൂറ്റ് വില്ലേജ് നാരായണമംഗലം സ്വദേശി മുണ്ടോലി വീട്ടില്‍ അമ്പാടി എന്ന് വിളിക്കുന്ന അക്ഷയ് (31) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി. ശിഖാ സുരേന്ദ്രൻ ഐ.എ.എസ് ആണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അക്ഷയ് അമ്പാടി കൊടുങ്ങല്ലൂർ കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും, കുട്ടികൾക്കും മറ്റും വിൽപ്പന നടത്താനായി സൂക്ഷിച്ച ഹാഷിഷ് ഓയിൽ, കഞ്ചാവ്, MDMAഎന്നിവയുമായി അറസ്റ്റിലായ കേസിലും, മൂന്ന് വധശ്രമക്കേസിലും, സ്തീകളെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മാനഹാനി വരുത്തിയ കേസിലും, അഞ്ച് അടിപിടിക്കേസിലും, പൊതുസ്ഥലത്ത് വെച്ച് ലഹരി ഉപയോഗിച്ച കേസിലും അടക്കം പതിനേഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 2026 ജൂൺ 03-ന് സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ്, ഹാഷിഷ് ഓയിൽ, MDMA എന്നിവ സഹിതം അക്ഷയ് അമ്പാടിയെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് അക്ഷയ് അമ്പാടി. ഇയാൾ ജാമ്യത്തിലിറങ്ങുന്നതിന് മുമ്പായി ആണ് കാപ്പ ചുമത്തി ആറ് മാസക്കാലത്തേക്ക് കൂടി തടവിലാക്കുന്നത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ രമേഷ് സി, എസ് സി പി ഒ ജിജോ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പിലാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
