കൊടുങ്ങല്ലൂർ: 2019 സെപ്റ്റംബർ 8-ന് കൊടുങ്ങല്ലൂർ പടാകുളത്ത് വ്യക്തിവൈരാഗ്യത്തെ തുടർന്ന് കാവിൽക്കടവ് സ്വദേശി അഭിജിത്തിനെയും സുഹൃത്തിനെയും ഇടിക്കട്ട കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച വധശ്രമക്കേസിലെ പ്രതിയായ കോട്ടപ്പുറം സ്വദേശിയും കുരിയാപ്പിള്ളി വീട്ടിലുമായ അൻസൽ (32) ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി.
കേസിൽ ജാമ്യം നേടിയ ശേഷം കോടതി നടപടികളിൽ ഹാജരാകാതെ ഒളിവിൽ പോയ പ്രതി വിദേശത്തേക്ക് കടന്നതിനെ തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPSയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ദുബായിൽ നിന്നും മുംബൈയിൽ എത്തിയ പ്രതിയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് വിവരം പോലീസിനെ അറിയിച്ചതോടെ പ്രത്യേക അന്വേഷണ സംഘം ഉടൻ മുംബൈയിലെത്തി അറസ്റ്റ് നടപടികൾ പൂർത്തിയാക്കി.
തുടർന്ന് പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെത്തിച്ച് നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
ബി. കൃഷ്ണകുമാർ IPSയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജോയ്, എ.എസ്.ഐ ജോസഫ്, ജി.എസ്.സി.പി.ഒ കിഷോർ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. “ഓപ്പറേഷൻ സുദർശന”യുടെ ഭാഗമായി ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തി നിയമത്തിന് മുമ്പാകെ എത്തിക്കുന്ന നടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
