പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 28 വർഷം കഠിനതടവും പിഴയും

Share Now

ഇരിഞ്ഞാലക്കുട:
2018 മെയ് മാസത്തിൽ പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 28 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തൃശൂർ ജില്ലയിലെ പെരിഞ്ഞനം സ്വദേശിയായ പുത്തുപുരക്കൽ സായൂജ് (31) നെയാണ് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വിവീജ സേതുമോഹൻ ശിക്ഷിച്ചത്.

ഇന്ത്യൻ ശിക്ഷാനിയമത്തിൻറെയും പോക്സോ നിയമത്തിൻറെയും വിവിധ വകുപ്പുകൾ പ്രകാരം കഠിനതടവും പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം ഏഴ് മാസത്തെ അധിക കഠിനതടവും അനുഭവിക്കേണ്ടിവരും. ശിക്ഷാനടപടികൾക്ക് പിന്നാലെ പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

വലപ്പാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സബ് ഇൻസ്പെക്ടർ ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ കെ.എസ്. സുശാന്തും അന്വേഷണ സംഘത്തിൽ പങ്കാളിയായി.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 19 സാക്ഷികളെയും 22 രേഖകളും 3 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം ഒരു സാക്ഷിയെയും രണ്ട് രേഖകളെയും സമർപ്പിച്ചു.

കോടതി പിഴയായി ഈടാക്കുന്ന തുക അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, കൂടുതൽ നഷ്ടപരിഹാരം ഉറപ്പാക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായപ്പോൾ, ലെയ്‌സൺ ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!