ഫുട്ബോൾ മത്സരം കാണുന്നതിനിടെ വൈദ്യുതി മുടങ്ങി; കെ.എസ്.ഇ.ബി ഓഫീസിൽ അതിക്രമം, ജീവനക്കാരനെ മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Share Now

മാള: ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് മുമ്പ് വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്തെ തുടർന്ന് അന്നമനട കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി ജീവനക്കാരനെ മർദിക്കുകയും ഓഫീസിലെ ക്യാബിൻ തകർക്കുകയും ചെയ്ത സംഭവത്തിൽ അന്നമനട വെണ്ണൂർ സ്വദേശികളായ മണി (41), അഭിജിത്ത് (26), അരുൺ (26) എന്നിവരെ മാള പോലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 15 രാത്രി 11.55-ഓടെ അർജന്റീന–ഇംഗ്ലണ്ട് മത്സരം കാണാൻ തയ്യാറെടുക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പ്രതികൾ ഓഫീസിൽ കയറി വടികൊണ്ട് ക്യാബിൻ തകർത്തു. തുടർന്ന് ജൂലൈ 16 പുലർച്ചെ 12.05-ഓടെ വീണ്ടും ഓഫീസിലെത്തിയ ഇവർ, ഔദ്യോഗിക കൃത്യനിർവഹണത്തിലായിരുന്ന കുഴൂർ പാറപ്പുറം സ്വദേശി കോട്ടായി വീട്ടിൽ നിഥിൻ (37) എന്ന ഓപ്പറേറ്ററെ വടികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പോലീസ് പറഞ്ഞു.

സംഭവത്തിൽ ഏകദേശം 10,000 രൂപയുടെ നാശനഷ്ടമുണ്ടായതായും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തതായും പോലീസ് അറിയിച്ചു. എസ്.ഐ ഫൈസൽ കോറോത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് കെ. എഫ്, ഷാരോൺ കെ. ആർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!