എടത്തിരുത്തിയിൽ യുവാവിനെ വീട്ടിൽക്കയറി മർദ്ദിച്ച കേസിൽ കൊലക്കേസ് പ്രതിയും 27 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയുമായ കുപ്രസിദ്ധ ഗുണ്ട അമിത് ശങ്കർ റിമാൻഡിലേക്ക്
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസി ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
കൈപമംഗലം : മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയും കൊലപാതകക്കേസ് പ്രതിയുമായ മരത്താക്കര എളംതുരുത്തി സ്വദേശിയും നിലവിൽ എടത്തിരുത്തി മുനയത്ത് താമസക്കാരനുമായ തെക്കേക്കര വീട്ടിൽ അമിത് ശങ്കറിനെ (33 വയസ്സ്) തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ മെയ് 25 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. എടത്തിരുത്തി മുനയം സ്വദേശി പുതുവീട്ടിൽ ശരത് (25) എന്നയാളെയാണ് അമിത് ശങ്കർ വീട്ടിൽക്കയറി അക്രമിച്ചത്. ശരത്തിനോടുള്ള മുൻ വൈരാഗ്യം മൂലമായിരുന്നു ആക്രമണം. ശരത് കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, ഹാളിലെ കട്ടിലിൽ കിടക്കുകയായിരുന്ന ശരത്തിനെ മർദ്ദിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അമിത് ശങ്കറിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൈപമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
അമിത്ത് ശങ്കർ വലപ്പാട് പോലീസ് സ്റ്റേഷനിൽ കൊലപാതക കേസും, പാലക്കാട് പുതുനഗരം, ഒല്ലൂർ, കാട്ടൂർ, മണ്ണുത്തി, തൃശ്ശൂർ ടൗൺ ഈസ്റ്റ്, കയ്പമംഗലം പോലീസ് സ്റ്റേഷനുകളിലായി 6 വധശ്രമക്കേസുകളും, 2 കവർച്ചക്കേസും, 3 അടിപിടിക്കേസുകളും അടക്കം 27 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കൂടാതെ 2016, 2018, 2023, 2025 വർഷങ്ങളിൽ കാപ്പ ചുമത്തി ജയിലിലടച്ച പ്രതിയുമാണ്.കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജിത്ത് കെ ടി, സി പി ഒ മാരായ ഡെൻസ്മോൻ, സിനോജ്, രജനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
