എടത്തിരുത്തി പഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ മെയിന്റനൻസ് ജോലികൾക്കായി എത്തിച്ച ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന കാസ്റ്റ് അയൺ സ്പെഷൽസ് മോഷ്ടിച്ച കേസിൽ നാല് പ്രതികളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.
ചെന്ത്രാപ്പിന്നി സ്വദേശികളായ ഈരാറ്റു വീട്ടിൽ ഗോകുൽ (36), ഭഗവതി പറമ്പിൽ വീട്ടിൽ സന്ദീപ് (41) എന്നിവരും, മോഷണമുതൽ വാങ്ങിയ ആക്രിക്കട ഉടമകളായ വലപ്പാട് കഴിമ്പ്രം സ്വദേശി പുതുവീട്ടിൽ അനിൽ (46), തമിഴ്നാട് പൊള്ളാച്ചി സ്വദേശി കാളിമുത്തു (57) എന്നിവരുമാണ് പിടിയിലായത്.
ഗോകുലും സന്ദീപും ചേർന്ന് മോഷ്ടിച്ച സാമഗ്രികൾ അനിലും കാളിമുത്തുവും നടത്തുന്ന ആക്രിക്കടകളിൽ വിറ്റതായി പോലീസ് കണ്ടെത്തി. മോഷണ സാധനങ്ങളാണെന്ന് അറിഞ്ഞിട്ടും വാങ്ങിയതിനാൽ ഇവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. തൃശ്ശൂർ റൂറൽ പോലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിലൂടെ കടകളിൽ നിന്നും മോഷണമുതൽ കണ്ടെത്തി.
കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജിത്ത്, എസ്ഐ ഫാതിൽ റഹ്മാൻ, ജി.എസ്.ഐ ജെയ്സൻ, ജി.എ.എസ്.ഐമാരായ ജോബി, രമേഷ്, ജി.എസ്.സി.പി.ഒമാരായ സുനിൽകുമാർ, ജോസഫ്, സിനോജ്, റഹിം, സി.പി.ഒ ശരത്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
