കൈപ്പമംഗലം: തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിനായി കൈപ്പമംഗലം ഗ്രാമപഞ്ചായത്തിന്റെ തദ്ദേശസ്ഥാപനതല സമിതി യോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രൻ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കൊച്ചുവീട്ടിൽ സ്വാഗതം പറഞ്ഞു.
24ന് ആറുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആക്രമണം നടന്ന പ്രദേശങ്ങളിലെ മുഴുവൻ നായകളെയും ഇല്ലായ്മ ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി തേടാൻ യോഗം തീരുമാനിച്ചു. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലാണ് തെരുവ് നായ്ക്കൾ കൂട്ടമായി എത്തുന്നതെന്ന വിലയിരുത്തലിനെ തുടർന്ന് ഹോട്ടലുകൾ, കല്യാണമണ്ഡപങ്ങൾ, ഇറച്ചി വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സർപ്രൈസ് പരിശോധന നടത്താനും തീരുമാനമായി.
തെരുവ് നായ്ക്കളുടെ വന്ധ്യംകരണവും വാക്സിനേഷനും ശക്തിപ്പെടുത്തുന്നതിനും ആക്രമണകാരികളായ നായ്ക്കൾക്കായി താൽക്കാലിക ഡോഗ് ഷെൽട്ടറുകൾ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. വളർത്തുനായകൾക്ക് ലൈസൻസ് നിർബന്ധമാക്കുകയും തെരുവിലേക്കു ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകൾ സംബന്ധിച്ച് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തും. നായ കടിച്ചാൽ മുറിവ് സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ കഴുകുന്നത് പ്രധാന പ്രതിരോധ മാർഗമാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥർ, വെറ്റിനറി സർജൻ, മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
