കൊടുങ്ങല്ലൂർ: അന്നദാന യജ്ഞ സമിതിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 19, 20, 21 തീയതികളിൽ നടക്കാനിരിക്കുന്ന അന്നദാന യജ്ഞത്തിന് മുന്നോടിയായി കലവറ നിറയ്ക്കൽ ചടങ്ങ് ഇന്ന് രാവിലെ 9 മണിക്ക് അന്നദാന യജ്ഞ പന്തലിൽ നടന്നു.
ഇന്നലെ പ്രാദേശികമായി ഏകദേശം 90ഓളം കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച കലവറ നിറയ്ക്കൽ ചടങ്ങുകളിൽ നിന്നും ലഭിച്ച പച്ചക്കറികളും പലവ്യഞ്ജനങ്ങളും യജ്ഞ സേവകർ പന്തലിലേക്ക് എത്തിച്ചു.
ചടങ്ങിന് അന്നദാന യജ്ഞ സമിതി ചെയർമാൻ പി. നാരായണൻകുട്ടി മേനോൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻമാരായ ഡോ. മേജർ ജനറൽ പി. വിവേകാനന്ദൻ, ത്രിവിക്രമൻ അടികൾ, മാതൃസമിതി അംഗങ്ങളായ പത്മ വിവേകാനന്ദൻ, പത്മജ ശശികുമാർ, സവിത ശിവദാസൻ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വിപുലമായ ഒരുക്കങ്ങളോടെയാണ് ഈ വർഷത്തെ അന്നദാന യജ്ഞം സംഘടിപ്പിക്കുന്നത്. ഭക്തജനങ്ങൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സമിതി പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
