കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ. കെ. ഹാഷിക്കിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ കൗൺസിലർ സ്ഥാനത്തുനിന്ന് രാജിവെപ്പിച്ച് പുറത്താക്കണമെന്ന് ബിജെപി കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു.
എൽഡിഎഫിന്റെ സെക്രട്ടേറിയറ്റ് സമരത്തിന്റെ മറവിൽ തിരുവനന്തപുരം സന്ദർശിച്ച ഹാഷിക്ക്, നന്ദനം പാർക്ക് ഹോട്ടലിൽ സ്ത്രീയുമായി ബന്ധപ്പെട്ട സംഭവത്തിൽ മർദനമേറ്റതുള്പ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്നതിലൂടെ നഗരസഭയ്ക്കും നഗരസഭാ കൗൺസിലിനും കളങ്കം വരുത്തിയതായി ബിജെപി ആരോപിച്ചു. ഇക്കാര്യത്തിൽ നഗരസഭ ചെയർപേഴ്സൺ പൊതുജനങ്ങൾക്ക് വിശദീകരണം നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ആരോപണ വിധേയനായ കെ. കെ. ഹാഷിക്കിന്റെ രാജിക്കത്ത് ഉടൻ എഴുതി വാങ്ങി അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും, അതിന് തയ്യാറാകാത്ത പക്ഷം ഹാഷിക്ക് കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതുവരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് ടി. എസ്. സജീവൻ പറഞ്ഞു
പ്രതിഷേധ പരിപാടിയിൽ രശ്മി ബാബു, രേഖ സൽപ്രകാശ്, ഒ. എൻ. ജയദേവൻ, അംജിത്ത് ടി. എസ്. എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
